ആഗോള കാറോട്ട മാമാങ്കമായ ഫോർമുല വണിന് (F1) ആഫ്രിക്കൻ വൻകരയിലേക്ക് വീണ്ടും തിരിച്ചുവരവൊരുങ്ങുന്നു! മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആഫ്രിക്കയിൽ എഫ്1 ഗ്രാന്റ് പ്രി തിരിച്ചെത്തിക്കാനുള്ള കരാറിൽ അധികൃതർ ധാരണയിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
1993-ൽ ദക്ഷിണാഫ്രിക്കയിലാണ് അവസാനമായി ഒരു എഫ്1 മത്സരം നടന്നത്. അതിനുശേഷം ആഫ്രിക്കൻ വൻകരയിൽ എഫ്1 എഞ്ചിനുകളുടെ ഇരമ്പൽ കേട്ടിട്ടില്ല.
2024-ൽ തന്നെ റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെ (Paul Kagame) തങ്ങളുടെ രാജ്യത്ത് ഫോർമുല വൺ മത്സരം സംഘടിപ്പിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയിരുന്നു. നിലവിൽ വമ്പൻ മോട്ടോർ സ്പോർട്സ് ഇവന്റുകൾ സംഘടിപ്പിക്കാനുള്ള ഇന്റർനാഷണൽ റേസിംഗ് സർക്യൂട്ട് റുവാണ്ടയിലില്ല.
എന്നാൽ ഇതിനായി തലസ്ഥാന നഗരമായ കിഗാലിയുടെ (Kigali) പ്രാന്തപ്രദേശങ്ങളിൽ അത്യാധുനിക രീതിയിലുള്ള സ്ഥിരം റേസിംഗ് സർക്യൂട്ട് നിർമ്മിക്കാനുള്ള അതിവേഗ പ്ലാനുകൾ പുരോഗമിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള സ്പോർട്സ് ടൂർണമെന്റുകളിലൊന്നായ എഫ്1 എത്തുന്നതോടെ, ആഫ്രിക്കൻ വൻകരയിലെ കായിക-വിനോദസഞ്ചാര മേഖലകളിൽ വലിയൊരു കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എഫ്1 കാറുകളുടെ വേഗതയിൽ റുവാണ്ടൻ മണ്ണിൽ അങ്കത്തട്ടൊരുങ്ങുന്ന ദിനത്തിനായി കാത്തിരിക്കുകയാണ് മോട്ടോർ സ്പോർട്സ് ആരാധകർ!