"ഫോറും സിക്സും മാത്രം കണ്ടാൽ മതിയോ?"; റാഞ്ചിയിലെ റൺമഴയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ഗംഭീർ

ഇരുടീമുകളും ചേർന്ന് 500-ലധികം റൺസ് അടിച്ചുകൂട്ടിയ റാഞ്ചിയിലെ ആവേശകരമായ രണ്ടാം ട്വന്റി-20 പോരാട്ടത്തിന് ശേഷം പിച്ചുകളുടെ സ്വഭാവത്തെയും ബൗളർമാരുടെ അവസ്ഥയെയും കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ. ട്വന്റി-20 ചരിത്രത്തിൽ തന്നെ ഇതു രണ്ടാം തവണയാണ് ഒരു മത്സരത്തിൽ 500-ലധികം റൺസ് പിറക്കുന്നത്. ഇന്ത്യ നിശ്ചിത 20 ഓവറിൽ 249 റൺസെടുത്തപ്പോൾ, 18.3 ഓവറിൽ 252 റൺസ് നേടി വിൻഡീസ് അത് മറികടന്നു.

മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ബാറ്റിംഗും ബൗളിംഗും തമ്മിൽ തുല്യമായ പോരാട്ടം സാധ്യമാകുന്ന പിച്ചുകൾ വേണമെന്ന് ഗംഭീർ വ്യക്തമാക്കിയത്.

"ബൗളർമാർ നമ്മുടെ കളിക്കാരാണ്, അവരുടെ കരിയറും പ്രധാനമാണ്!"

നേരത്തെ ഗുവഹാത്തിയിൽ നടന്ന ഏകദിനത്തിൽ 800 റൺസ് പിറന്നപ്പോഴും പിച്ചുകളിലെ ബാറ്റിംഗ് ആധിപത്യത്തിനെതിരെ ഗംഭീർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമാനമായ വികാരമാണ് റാഞ്ചിയിലെ റൺമഴയ്ക്ക് ശേഷവും ഇന്ത്യൻ പരിശീലകൻ പങ്കുവെച്ചത്:

"ബാറ്റും പന്തും തമ്മിൽ നല്ലൊരു പോരാട്ടം നടക്കാൻ ആഗ്രഹിക്കാത്തത് ആരാണ്? ഫോറും സിക്സും മാത്രം കണ്ടാൽ മതിയോ? തീർച്ചയായും കാണികൾക്ക് അതാണ് വേണ്ടതെങ്കിൽ ഞങ്ങളും അത് കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു സമതുലിതമായ മത്സരം വേണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതാണ് ഞങ്ങൾക്കും വേണ്ടത്."

"കാരണം ആ എറിഞ്ഞു തല്ലുവാങ്ങുന്ന ബൗളർമാരും നമ്മുടെ കളിക്കാരാണ്, അല്ലാതെ വിദേശ ബൗളർമാരല്ല. അവരുടെ കരിയറും ഇവിടെ അപകടത്തിലാണ്. സ്ലോവർ ബോളുകളും വൈഡ് യോർക്കറുകളും പോലെയുള്ള വൈവിധ്യങ്ങൾ പോലും ഫലിക്കാത്ത രീതിയിലാണ് പിച്ചുകൾ ഒരുങ്ങുന്നത്." — ഗംഭീർ കൂട്ടിച്ചേർത്തു.

"മഞ്ഞുവീഴ്ച തടസ്സമാണ്, പക്ഷേ ചാമ്പ്യന്മാർ അതിജീവിക്കണം"

റാഞ്ചിയിൽ രണ്ടാമത് പന്തെറിയുമ്പോൾ വില്ലനായെത്തിയ മഞ്ഞുവീഴ്ചയെയും (Dew) ഫ്ലാറ്റ് പിച്ചിനെയും കുറിച്ച് പരാമർശിച്ചെങ്കിലും, ഒഴികഴിവുകൾ പറയാൻ ഗംഭീർ തയ്യാറായില്ല:

"രണ്ടാമത് പന്തെറിയുമ്പോൾ വലിയ തോതിൽ മഞ്ഞുവീഴ്ചയും ഫ്ലാറ്റ് വിക്കറ്റുമുണ്ടായിരുന്നു എന്നത് സത്യമാണ്. അത്തരം സാഹചര്യങ്ങളിൽ ബൗൾ ചെയ്യുക പ്രയാസകരമാണ്. എങ്കിലും ഞങ്ങൾ നിലവിലെ ടി20 ലോക ചാമ്പ്യന്മാരാണ്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളും പവർപ്ലേയിൽ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ ശേഷം എതിരാളികളെ എങ്ങനെ തടയണമെന്ന് നമ്മൾ വഴി കണ്ടെത്തേണ്ടതുണ്ടായിരുന്നു."