വിജയത്തുടക്കവുമായി മഞ്ഞപ്പട; ഇന്റർ കാശിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം!

ഐ.എസ്.എൽ (MG ISL 2026-27) പുതിയ സീസണിൽ ഗംഭീര തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർ കാശിയെ തകർത്താണ് മഞ്ഞപ്പടയുടെ ആദ്യ വിജയം. യുവതാരം വിബിൻ മോഹനനും മുന്നേറ്റ നിരയിലെ വിശ്വസ്തൻ ആന്ദ്രേ ഗ്രീനുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ വല കുലുക്കിയത്.

ആദ്യം മുതൽ കളം നിറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഫ്രെഡി ലാൽലാവ്മാവ്ല മഞ്ഞപ്പടയ്ക്കായി ആദ്യ ലോങ് റേഞ്ചർ പരീക്ഷണം നടത്തി. ഒരു മിനിറ്റിനുള്ളിൽ ഇന്റർ കാശി മറുപടി നൽകിയെങ്കിലും, റോസൻബർഗ് ഗബ്രിയേലിന്റെ ഷോട്ട് തടഞ്ഞ് ഗോൾകീപ്പർ ആർഷ് ഷെയ്ഖ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. അതിനുശേഷം മൻവീർ സിങ്ങിലൂടെ കാശി വീണ്ടും ഭീഷണി ഉയർത്തിയെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

വിബിൻ മോഹനന്റെ മാന്ത്രിക ഗോൾ

മത്സരത്തിന്റെ 18-ാം മിനിറ്റിൽ കാത്തിരുന്ന ആ നിമിഷം പിറന്നു. കോറൗ സിങ് നൽകിയ മനോഹരമായ പാസ് ബോക്സിന്റെ കേന്ദ്രത്തിൽ നിന്ന് വലയിലേക്ക് തിരിച്ചുവിട്ട് വിബിൻ മോഹനൻ ബ്ലാസ്റ്റേഴ്‌സിന് മുൻതൂക്കം നേടിക്കൊടുത്തു (1-0).

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടർന്നു. പകരക്കാരനായി ഇറങ്ങിയ മോമോ യാൻസെയും പോൾ റാംഫങ്സൗവയും ഫ്രെഡിയും ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 65-ാം മിനിറ്റിൽ ആന്ദ്രേ ഗ്രീൻ ഗോളിന് അടുത്തെത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് പന്ത് പുറത്തേക്ക് പോയി.

ആതിഥേയരുടെ ചെറുത്തുനിൽപ്പും ഗ്രീനിന്റെ മിന്നൽ അടപ്പും

സമനിലയ്ക്കായി ഇന്റർ കാശിയും ശക്തമായി പൊരുതി നോക്കി. 61-ാം മിനിറ്റിൽ മൻവീർ സിങ്ങിന്റെ ഹെഡറും 72-ാം മിനിറ്റിൽ ആയുഷ് ചിക്കാരയുടെ ഷോട്ടും ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് വിറയൽ തീർത്തുവെങ്കിലും ആർഷ് ഷെയ്ഖിന്റെയും പ്രതിരോധത്തിന്റെയും ഉറച്ച നിൽപ്പ് ഗോൾ വഴങ്ങുന്നതിൽ നിന്ന്  ബ്ലാസ്റ്റേഴ്‌സിനെ  കാത്തു ഒടുവിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4') ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. മുഹമ്മദ് സനാൻ നൽകിയ പാസ് സ്വീകരിച്ച് ഇടംകാലുകൊണ്ട് മനോഹരമായൊരു ഷോട്ടിലൂടെ ആന്ദ്രേ ഗ്രീൻ പന്ത് വലയിലെത്തിച്ചതോടെ സ്കോർ 2-0 എന്ന നിലയിലായി.

ഈ തകർപ്പൻ ജയത്തോടെ സീസണിൽ ശക്തമായ മുന്നറിയിപ്പാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.

സ്കോർ ചുരുക്കത്തിൽ:

  • കേരള ബ്ലാസ്റ്റേഴ്‌സ്: 2 (വിബിൻ മോഹനൻ 18', ആന്ദ്രേ ഗ്രീൻ 90+4')

  • ഇന്റർ കാശി: 0