വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് (Vaibhav Sooryavanshi) അന്തിമ ഇലവനിൽ അവസരം ലഭിച്ചില്ല. സഞ്ജു സാംസണും അഭിഷേക് ശർമ്മയും തന്നെ ഇന്ത്യൻ ഓപ്പണിംഗ് സഖ്യമായി തുടരുമ്പോൾ വൈഭവിന് റിസർവ് ബെഞ്ചിൽ കാത്തിരിക്കേണ്ടി വരുന്നു. എന്നാൽ, തനിക്ക് ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ തന്റെ സ്ഥാനം നിലനിർത്തുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യൻ ടീമിലെ ഓപ്പണിംഗ് കോമ്പറ്റീഷനെക്കുറിച്ച് അശ്വിൻ മനസ്സ് തുറന്നത്:
"വൈഭവ് സൂര്യവംശിയെ പുറത്തിരുത്താൻ തക്കവണ്ണം സഞ്ജു നിലവിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. നിർഭാഗ്യവശാൽ വൈഭവിന് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതാണ്. എന്നാൽ ടീമിലെ മത്സരം അത്രത്തോളം കടുത്തതാണ്. ഈ ഓപ്പണിംഗ് തർക്കത്തിന് പ്രധാന കാരണം, അഭിഷേക് ശർമ്മയെ ടീം മാനേജ്‌മെന്റിന് തൊടാൻ പോലും കഴിയില്ല എന്നതാണ് (Untouchable). സ്വന്തം ദിവസത്തിൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള അസാധാരണ താരമാണ് അഭിഷേക്."
— ആർ. അശ്വിൻ പറഞ്ഞു.
മൂന്നാം ടി20യിൽ വിൻഡീസിനെതിരെ 30 പന്തിൽ 69 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ 14 റൺസ് വിജയത്തിന് അടിത്തറയിട്ടത് അഭിഷേകായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രയാസമേറിയ പിച്ചുകളിലും അഭിഷേക് സ്ഥിരതയോടെ റൺസ് കണ്ടെത്തുന്നതും അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് മുകളിലേക്ക് ഉയരുന്നതിന്റെ തെളിവാണെന്ന് അശ്വിൻ കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റി വൈഭവിന് അവസരം നൽകുക ബുദ്ധിമുട്ടാണ്. എങ്കിലും, ഈ കൊച്ചു പ്രതിഭയെ ദീർഘകാലം ബെഞ്ചിലിരുത്താൻ ഇന്ത്യക്ക് സാധിക്കില്ല.
ഏഷ്യൻ ഗെയിംസിലെന്നപോലെ അഭിഷേകും വൈഭവും ചേർന്ന് ഓപ്പൺ ചെയ്യുകയും സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറുകയും ചെയ്യുന്ന രീതി ടീം മാനേജ്‌മെന്റിന് പരിഗണിക്കാവുന്നതാണ്. അങ്ങനെ വന്നാൽ സഞ്ജുവിന് ശേഷം ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരടങ്ങുന്ന മിഡിൽ ഓർഡർ ഇന്ത്യൻ ബാറ്റിംഗിന് കൂടുതൽ ആക്രമണകാരിത്വം നൽകും. എങ്കിലും അന്തിമ തീരുമാനം മാനേജ്‌മെന്റിന്റേതായിരിക്കും.
ക്രിക്കറ്റ് ലോകം ഭയക്കുന്ന ഓപ്പണർ; അഭിഷേക് ശർമ്മയ്ക്ക് വൻ പ്രശംസയുമായി ഡി.കെ!
വിനു മങ്കാദ് ട്രോഫി: കേരളത്തിന് തോൽവി; സൗരാഷ്ട്രയോട് രണ്ട് വിക്കറ്റിന് തോറ്റു
ദേശീയ വനിതാ അണ്ടർ-19 ചാമ്പ്യൻഷിപ്പ്: കേരളത്തിന് തോൽവി; നാല് വിക്കറ്റ് വിജയവുമായി കർണാടക
"ഫോറും സിക്സും മാത്രം കണ്ടാൽ മതിയോ?"; റാഞ്ചിയിലെ റൺമഴയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ഗംഭീർ